നാലമ്പല തീര്‍ത്ഥയാത്രയുടെ പ്രാധാന്യം,ദൈനംദിന ജീവിതത്തില്‍
മലയാള വര്‍ഷത്തിന്‍റെ അവസാന മാസമായ കര്‍ക്കിടകത്തിനെ വൃത്തിയോടെയും ശുദ്ധിയോടെയും കാത്തു സൂക്ഷിക്കണം. രാമ ശബ്ദം പരബ്രഹ്മത്തിന്‍റെ പര്യായവും, രാമനാമജപം ഹൃദയങ്ങളെ വേണ്ട വിധം ശുദ്ധീകരിക്കുകയും മനുഷ്യരെ മോക്ഷപ്രാപ്തിക്ക് അര്‍ഹരാക്കുകയും ചെയ്യുന്നു. രാമായണം മനുഷ്യരുടെ ആദ്ധ്യാത്മിക ജീവിതത്തില്‍ മാത്രമല്ല ഭൌതിക ജീവിതത്തിലും ഉപകരിക്കുന്നു. ഇതിനാല്‍ രാമായണത്തിന്‍റെ പ്രാധാന്യവും സമീപകാലങ്ങളില്‍ ഏറി വരുന്നതായാണ് കാണാന്‍ കഴിയുന്നത്. രാ- മായണം, അഥവാ രാത്രി മായണം. അജ്ഞാനമാകുന്ന അന്ധകാരം നീക്കി വിജ്ഞാനമാകുന്ന പ്രകാശം പരത്തണം. അതിനു വേണ്ടിയാണ് രാമായണ പാരായണവും രാമായണ ശ്രവണവും കര്‍ക്കിടകത്തില്‍ നിര്‍ബന്ധമാക്കുന്നത് എന്നു പറയാം. അതിലേറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് നാലമ്പലദര്‍ശനം.രാമായണ മാസമായ കര്‍ക്കിടക മാസത്തില്‍ പ്രസിദ്ധമായി നടന്നു വരുന്നതാണ് നാലമ്പല തീര്‍ത്ഥയാത്ര.
ക്ഷേത്രങ്ങള്‍ക്ക് മനുഷ്യമനസ്സിനെ ലൌകികതയില്‍നിന്നുയര്‍ത്തി ഈശ്വര ചിന്തയിലേക്ക് നയിക്കുവാനുള്ള കഴിവുണ്ടെന്നത് അനുഭവസിദ്ധമാണല്ലോ. അത് കൊണ്ടാണ് പുണ്യസ്ഥലങ്ങളിലേക്കും ജനങ്ങള്‍ തീര്‍ഥയാത്രകള്‍ നടത്തുന്നത്.ഭാരതത്തില്‍ മാത്രമേ ഈശ്വരന്‍ വീണ്ടും വീണ്ടും അവതരിച്ചു ധര്‍മ സംസ്ഥാപനം ചെയ്യുന്നുള്ളൂ. അങ്ങനെയുള്ള അവതാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ശ്രീരാമാവതാരവും ശ്രീകൃഷ്ണാവതാരവുമാണ്. അതില്‍ ഒരു മാതൃകാ ജീവിതം നയിച്ചു മനുഷ്യര്‍ക്ക് ജീവിതലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗം കാട്ടിക്കൊടുത്ത ശ്രീ രാചന്ദ്രനെ സര്‍വ്വേശ്ശ്വരനായി ആരാധിക്കുന്ന സ്ഥലങ്ങള്‍ പലതുമുണ്ട്. ഭഗവാന്‍ ശ്രീരാമ രൂപത്തില്‍ അവതരിച്ചപ്പോള്‍ അനന്തനും തിരുവായുധങ്ങളായ ശംഖുചക്രങ്ങളും നരരൂപധാരികളായി ഭഗവാനെ അനുഗമിച്ചു. അവരാണ് ലക്ഷ്മണനും ഭരത-ശത്രുഘ്നന്‍മാരും. അവതാര ലീലയില്‍ പ്രധാന പങ്കു വഹിച്ചവരാണവര്‍. ദുഷ്ടനിഗ്രഹത്തിലും, ധര്‍മസംസ്ഥാപനത്തിലും ഭഗവാനെ സഹായിക്കലായിരുന്നു അവരുടെ ജീവിതലക്ഷ്യം. അതുകൊണ്ടു അവരെല്ലാം നമ്മുടെ ആരാധനാപാത്രങ്ങളായി മാറി.
രാമപുരത്തെ നാലമ്പലങ്ങള്‍.
ഭാരതത്തില്‍ 64 രാമപുരങ്ങള്‍ ഉണ്ടെന്നാണ് അറിയപ്പെടുന്നത്, കേരളത്തില്‍ 5 സ്ഥലങ്ങളിലും. ഇങ്ങനെ കേരളത്തില്‍ പല രാമപുരങ്ങള്‍ ഉണ്ടെങ്കിലും മലപ്പുറം ജില്ലയിലെ രാമപുരത്തിന് കൂടുതല്‍ പ്രാധാന്യം ഉള്ളതായി കണക്കാക്കുന്നു. ദശരഥ നന്ദനന്‍മാരുടെതായ നാലു ക്ഷേത്രങ്ങള്‍ വളരെ അടുത്ത പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്നത് കൊണ്ട് സാഹോദര്യ സ്നേഹത്തിന്‍റെ ഉത്തമ മാതൃകയും ഇവിടെ കാണാന്‍ കഴിയുന്നു. അതു കൊണ്ട് തന്നെ വിദൂരസ്ഥലങ്ങളില്‍ നിന്നും മറ്റ് രാമപുരങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ മലപ്പുറം ജില്ലയിലെ രാമപുരത്തു നാലമ്പല ദര്‍ശനത്തിനെത്തുന്നുണ്ട്. നാലമ്പല ദര്‍ശനം എല്ലാ കാലത്തും നടത്താം. കര്‍ക്കിടക മാസത്തിലും (രാമായണമാസം) വൃശ്ചിക മണ്ഡലകാലത്തുമാണ് അതിപ്രാധാന്യത്തോടെ ദര്‍ശനം നടത്തുന്നത്. ദാശരഥിമാരെ ഒരേ ദിവസം തന്നെ കണ്ടു വണങ്ങുന്നത് പുണ്യകര്‍മമായി കരുതപ്പെടുന്നു. കര്‍ക്കിടകം ഒന്നു മുതല്‍ പത്തു വരെയാണ് സാധാരണയായി ദര്‍ശനം നടത്തേണ്ടത്. എന്നാല്‍ കര്‍ക്കിടക മാസത്തിലെ മറ്റു ദിവസങ്ങളിലും ദര്‍ശനം നടത്തുന്നത് ശ്രേയസ്കരമാണ്
മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമപ്രദേശമാണ് രാമപുരം. കര്‍ക്കിടക മാസം ആരംഭിക്കുന്നതോടെ ഈ രാമപുരത്തിനും പ്രസക്തിയേറുന്നു. നാലമ്പല ദര്‍ശനത്തിന് ഇന്ന് സാധാരണക്കാര്‍ എത്തിച്ചേരുന്നതിവിടെയാണ്. പാലക്കാട്-കോഴിക്കോട് ദേശീയ പാതയില്‍ (NH213) പെരിന്തല്‍മണക്കും മലപ്പുറത്തിനും നടുവിലായി രാമപുരത്താണ് നാലമ്പല നാഥനായ ശ്രീരാമസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 800മീറ്റര്‍ അകലെ രാമപുരം38 എന്ന സ്ഥലത്ത് ലക്ഷ്മണസ്വാമി ക്ഷേത്രവും, ഒന്നര കിലോമീറ്റര്‍ അകലെ നാറാണത്ത് എന്ന സ്ഥലത്ത് ശത്രുഘ്നസ്വാമി ക്ഷേത്രവും, ഒന്നര കിലോമീറ്റര്‍ അകലെയായി കരിഞ്ജാപ്പാടി എന്ന സ്ഥലത്ത് ഭരത ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഈ നാലു ക്ഷേത്രങ്ങള്‍ക്ക് പുറമെ ഇവ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ക്ക് നടുവിലായി സീതാദേവി ക്ഷേത്രം ഉണ്ടായിരുന്നതായി പറയപ്പെടുകയും ചെയ്യുന്നു. ക്ഷേത്രാവശിഷ്ടങ്ങള്‍ ഈ അടുത്ത കാലത്ത് വരെ അവിടെ ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ സ്ഥലത്ത് പ്രത്യേക തരം പുല്ലു വളര്‍ന്ന് നില്‍ക്കുന്ന ഒരു തുരുത്ത് കാണാം. ഈ പുല്ലു സീതാമൂടിപ്പുല്ല് എന്നും പറയപ്പെടുന്നു. കൂടാതെ ശ്രീരാമസ്വാമി ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ തന്നെ ഹനുമാന്‍ സ്വാമി പ്രതിഷ്ഠയും ശ്രീരാമസ്വാമി ക്ഷേത്രത്തിന് വടക്ക് ഭാഗത്ത് നരസിംഹമൂര്‍ത്തി ക്ഷേത്രവുമുണ്ട് എന്നുള്ളത് ഈ നാലമ്പലത്തിന്‍റെ പ്രസക്തിയേറുവാന്‍ കാരണമാകുന്നു.
നാലമ്പലദര്‍ശന സുകൃതം
നാലമ്പലദര്‍ശന സുകൃതം എന്നത് പരമമാകുന്നത് നാലു അമ്പലങ്ങളും ഒരേ പൂജാകര്‍മവേലയില്‍ പൂര്‍ത്തിയാക്കുബോഴാണ്. ഇത്തരത്തില്‍ ഒരേ പൂജാകര്‍മ വേളയില്‍ നാലമ്പല ദര്‍ശനം ഈ രാമപുരത്തു മാത്രമാണ് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നത്. കാരണം ശ്രീരാമ-ലക്ഷ്മണ-ഭരത-ശത്രുഘ്ന ക്ഷേത്രങ്ങള്‍ 3കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്നു എന്നത് തന്നെ. ശ്രീരാമസ്വാമി ക്ഷേത്ര സന്നിധിയില്‍ നിന്നും കാല്‍നടയായി പോകുകയാണെങ്കില്‍ തന്നെ ഒരേയൊരു ദിവസം കൊണ്ട് നാലമ്പല ദര്‍ശനം പൂര്‍ത്തിയാക്കാം എന്നതാണ് വാസ്തവം.എന്നാല്‍ വാഹനങ്ങളില്‍ പോകുകയാണെങ്കില്‍ നാലമ്പലങ്ങളിലെയും ദര്‍ശനം ഒരേ പൂജാ സമയത്ത് തന്നെ പൂര്‍ത്തിയാക്കാം എന്നതാണ് ഈ രാമപുരത്തിന്‍റെ നാലമ്പലദര്‍ശനമഹത്വം.
ശ്രീരാമ സ്വാമിയെ ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുക വഴി ധാര്‍മിക ബോധവും മനശ്ശാന്തിയും കൈവരിക്കാന്‍ കഴിയും. ലക്ഷ്മണസ്വാമി ദര്‍ശനത്തിലൂടെ ഭാഗ്യസിദ്ധിയും കാര്യസ്സാധ്യവും, ഭരത സ്വാമി ദര്‍ശനത്തിലൂടെ ആത്മധൈര്യവും കാര്യ ശേഷിയും ,ശത്രുഘ്ന സ്വാമി ദര്‍ശനത്തിലൂടെ ശത്രുക്കള്‍ ഇല്ലാതാവുകയും ശ്രേയസ്സ് കൈവരിക്കുകയും ചെയ്യുന്നു എന്നതാണ് വിശ്വാസം. ഇതിനാലാണ് കര്‍ക്കിടക മാസത്തില്‍ നാലമ്പല ദര്‍ശനത്തിന് പ്രാധാന്യം കല്‍പ്പിക്കുന്നത്.
നാലമ്പലങ്ങള്‍ക്കു ശേഷം...
നാലമ്പല ദര്‍ശനം നടത്തിക്കഴിഞ്ഞാല്‍ ലക്ഷ്മണസ്വാമി ക്ഷേത്രത്തിന് സമീപമുള്ളതും ദുര്‍വാസാവ് മഹര്‍ഷിയുടെ തപോഭൂമിയെന്നു വിശ്വസിക്കുന്നതും ഏകദേശം 5000 വര്‍ഷം പഴക്കമുള്ളതുമായ പനങ്ങാങ്ങര ശിവക്ഷേത്രവും, ലക്ഷ്മണ സ്വാമി ക്ഷേത്രത്തിനും ഭരതസ്വാമി ക്ഷേത്രത്തിനും സമീപത്തായി സ്ഥിതി ചെയ്യുന്ന വളിയമ്പുറം ശിവ ക്ഷേത്രവും ദര്‍ശനം നടത്താന്‍ കഴിയുന്നു. അത്തോടോപ്പും തന്നെ സുപ്രസിദ്ധമായ അങ്ങാടിപ്പുറം തീരുമാന്ധാംകുന്നു ഭഗവതി ക്ഷേത്രം, കേരളഗാന്ധി എന്നറിയപ്പെടുന്ന കെ.കേളപ്പനാല്‍ അനുഗ്രഹീതമായ തളി മഹാദേവ ക്ഷേത്രം, കാര്യസാദ്ധ്യ പൂജക്ക് പ്രസിദ്ധമായ മാണിക്യപുരം അയ്യപ്പസ്വാമി ക്ഷേത്രം എന്നിവ രാമപുരത്തിന് 8കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്നു. കാടാമ്പുഴ ഭഗവതി ക്ഷേത്രം, ആലത്തിയൂര്‍ ഹനുമാന്‍സ്വാമി ക്ഷേത്രം, ഇന്ത്യന്നൂര്‍ മഹാഗണപതി ക്ഷേത്രം ഇവയെല്ലാം ഒരേ ദിവസം തന്നെ ദര്‍ശിക്കാം എന്നത് ഏറ്റവും മഹത്തരമായ കാര്യം തന്നെ. ആയതിനാല്‍ മലപ്പുറം ജില്ലയിലെ നാലമ്പലം തൊഴാന്‍ ധാരാളം ഭക്തജനങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു. നാലമ്പല ദര്‍ശനത്തിനെത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും ദാശരഥിമാരുടെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടാകട്ടെ എന്നു പ്രാര്‍ഥിക്കുന്നു.